02:10am 28 May 2026
NEWS
പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്
27/05/2026  08:16 AM IST
nila
പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം/കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും മുൻ മന്ത്രിയും  പിണറായിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. എക്‌സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായി ഒരേസമയം റെയ്ഡുകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

തിരുവനന്തപുരത്തെ പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പിണറായി വിജയനും മകൾ വീണാ വിജയനും വീട്ടിലുണ്ടെന്ന സൂചനകളുണ്ട്. കോഴിക്കോട് കോട്ടൂളിയിലെ മുഹമ്മദ് റിയാസിന്റെ വസതിയിലും പരിശോധന തുടരുകയാണ്.

എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) കേസിൽ ഇഡി അന്വേഷണം തടയണമെന്നും സമൻസ് നടപടികൾ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഇഡിയുടെ വ്യാപക പരിശോധന.

സിഎംആർഎല്ലിനെതിരായ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്‌സാലോജിക്കിന് സിഎംആർഎൽ നിയമവിരുദ്ധമായി വലിയ തുക കൈമാറിയെന്ന ആരോപണമാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും രേഖകളുടെയും വിശദാംശങ്ങൾ ഇഡി പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img